2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

നിഴല്‍


പുലരിയുടെ
കതിര്‍ മണ്ഡപത്തില്‍ വച്ച്
അവള്‍ അവന്റെ ഒപ്പം കൂടി.
മിണ്ടാതെ തലതാഴ്ത്തി
പിന്തുടര്‍ന്നു.

മധ്യാഹ്നത്തിന്റെ
കോപാഗ്നിയില്‍
അവള്‍ കാല്‍ ചുവട്ടില്‍
ഒതുങ്ങിപ്പോയി.
എന്നിട്ടും
അവള്‍ കൂടെ വന്നു.

കഷായം മണക്കുന്ന
മൂവന്തിയില്‍
വഴികാട്ടിയായി
മുന്നില്‍ നടന്നു.

ഇല്ല
അവളൊരിക്കലും
മണ്ണില്‍ നിന്നുയരില്ല
അത് അവളും വിശ്വസിച്ചു.

അവള്‍,
സൂര്യനെപ്പോലും
മറയ്ക്കാന്‍ കഴിവുള്ളവള്‍!
ആ സത്യം
അവളും മറന്നു.

2012, ജനുവരി 26, വ്യാഴാഴ്‌ച

ലഹരി കോര്‍ത്ത മാല


നാലുമണി നേരത്ത്
മിഠായിക്കടയില്‍
തിരക്കിന്റെ കോലാഹലം.
എന്നിട്ടും
പഞ്ഞിമിഠായി
കാറ്റിനോട് സങ്കടമോതി.
കോലൈസ് കണ്ണീര്‍ വാര്‍ത്തു.
ഭരണിക്കുള്ളില്‍ മുങ്ങിച്ചത്തൂ
ഉപ്പുമാങ്ങ.
കടലമിഠായിയും എള്ളുണ്ടയും
മാറാലകള്‍ക്കിടയിലൂടെ
പരസ്പരം നോക്കി
നാരങ്ങമിഠായി തന്റെ മധുരം
ഉറുമ്പിനു നല്‍കി.
കോലുമിഠായി
നിറങ്ങള്‍ വെടിഞ്ഞു.
കാരണക്കാരന്‍ അവനാണ്”
ഇഞ്ചിമിഠായി വിരല്‍ ചൂണ്ടി
ലഹരി കോര്‍ത്ത മാലയിലേക്ക്

2011, ഡിസംബർ 7, ബുധനാഴ്‌ച

കേടായ ടെലിവിഷന്‍

കേടായ ടെലിവിഷന്‍
പൊളിച്ചു നോക്കിയപ്പോള്‍
കെട്ടിക്കിടക്കുന്ന
കണ്ണീരു കണ്ടു
അതില്‍ ഗ്ലിസറിന്റെ മണം 
അറിയാന്‍ കഴിഞ്ഞു.
പിക്ചര്‍ ട്യൂബ് പരിശോധിച്ചപ്പോള്‍
മനസ്സിലായി
അത് കേടായത്
പ്രഷറും ടെന്‍ഷനും 
കൂടിയിട്ടാണെന്ന്.
പൊടിയും മാറാലയും 
തുടക്കുന്നതിനിടയില്‍
കുറച്ച് അരമുറി മലയാളം 
മൂക്കില്‍ കയറി
'വാവൂ' ശബ്ദത്തില്‍ 
തുമ്മിയപ്പോള്‍
തെറിച്ചു പോയി.
കയ്യിട്ടു നോക്കിയപ്പോള്‍ തടഞ്ഞു
കുറച്ച് റിയാലിറ്റി.
അത് വലിച്ചെറിഞ്ഞപ്പോള്‍
ശബ്ദവും നിറവും 
വീണ്ടും തെളിഞ്ഞു.
ഭാഗ്യം
ടെലിവിഷന്‍ രക്ഷപ്പെട്ടു
എലിമിനേഷനില്‍ നിന്ന്.

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

വാച്ച്

അവനു വേണ്ടിയായിരുന്നു
എന്റെ ഓട്ടങ്ങളൊക്കെയും.
ഓടിയോടി തളരുമ്പോഴും
തിളങ്ങിച്ചിരിച്ചുകൊടുത്തു.
പരീക്ഷകളില്‍ ഓര്‍മ്മപ്പെടുത്തലുകളായി
എന്നും കൂടെ നിന്നു.
ഞാന്‍
നിലക്കാതെ ഓടിയിട്ടാണ്
അവന്‍ സമയം തെറ്റാതെ
സ്കൂളിലെത്തിയത്.
എന്നിട്ടും
ഓടാന്‍ വയ്യാതായപ്പോള്‍
വലിച്ചെറിഞ്ഞില്ലേ
അവനെന്നെ
നരച്ച് ചുളിഞ്ഞവയുടെ
ലോകത്തേക്ക്.

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ജ്യാമിതി

നാലാം പിര്യേഡ്
ടീച്ചര്‍ ക്ലാസ്സില്‍ വന്നു.
ദോശയും ഇഡ്ഢലിയും സമൂസയും
ഒക്കെ വരച്ച്
ജ്യാമിതിയെന്നു പറഞ്ഞ്
പറ്റിച്ചു.

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ശനിയുടെ ആത്മഹത്യാകുറിപ്പ്


 
തെങ്ങേന്ന് വീണാലും
പരീക്ഷ തോറ്റാലും
കള്ളന്‍ കയറിയാലും
കെട്ടുമുടങ്ങിയാലും
കുഴിയില്‍ ചാടിയാലും
എന്തിനേറെ
എലിമിനേഷന്‍ റൗണ്ടില്‍
പുറത്തായാല്‍ പോലും
കുറ്റമെനിക്ക്.
പറയൂ
ഞാനെന്ത് തെറ്റ് ചെയ്തു?
മടുത്തു.
അവസാനമായി
ഒന്നുമാത്രം
ഞന്‍ കണ്ടകനല്ല.

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

പത്താം ക്ലാസ്സിലെ കുട്ടി...

അമ്മുക്കുട്ടി പത്താം ക്ലാസ്സിലെത്തി.
അമ്പിളി മാമന്‍ വെറും പാറക്കഷണമായി.
നക്ഷത്രങ്ങള്‍ ഊമകളായി.
ആകാശം ഒരു തോന്നലായി.
പറക്കുന്ന കുതിരയുടെ ചിറകൊടിഞ്ഞു.
മയില്‍പീലി ആകാശം കണ്ടു.
കവിതകള്‍ നുണക്കഷണങ്ങളായി.

2010, ഡിസംബർ 21, ചൊവ്വാഴ്ച

മുല്ലവള്ളി

പാതി തകര്‍ന്ന നാലുകെട്ടിന്റെ വാതിലയാള്‍
തള്ളിത്തുറന്നപ്പോള്‍,
അത് വേദനകൊണ്ട് കരഞ്ഞു.
അവിടെ അയാള്‍ തിരഞ്ഞത് 
ഉടഞ്ഞ മരപ്പാവയുടെ തലയോ
പിന്നിയ കുപ്പായത്തിന്റെ കുടുക്കോ 
ആയിരുന്നില്ല.
വിലപിടിപ്പുള്ള മറ്റെന്തോ ആയിരുന്നു.
പൊട്ടിയ ശര്‍ക്കര ഭരണിയില്‍
കയ്യിട്ടപ്പോള്‍ 
പിന്നില്‍ ന്നിന്നാരോ വിളിച്ചു.
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് 
അടുക്കളയുടെ ചുവരില്‍ 
പറ്റിപ്പിടിച്ചു വളര്‍ന്ന മുല്ലവള്ളി 
കയ്യോങ്ങി നില്‍ക്കുന്നതായിരുന്നു.

2010, ഡിസംബർ 13, തിങ്കളാഴ്‌ച

ജൈവവൈവിധ്യം


മുറ്റത്ത്‌ നിന്നൊരു അണ്ണാന്‍ കുഞ്ഞ്
എന്നെ ചിലച്ചു വിളിച്ചു.
പക്ഷേ,
നെറ്റില്  ജൈവവൈവിധ്യം തിരയുകയായിരുന്ന
എനിക്ക് അത് കേള്‍ക്കാന്‍ കഴിഞ്ഞില്ല.

2010, നവംബർ 16, ചൊവ്വാഴ്ച

കണ്ണാടി


കണ്ണാടിയെ ഇതുവരെ 
ആരും കണ്ടിട്ടില്ല.
അവളുടെ മനസ്സ്
അവള്‍ പോലും കണ്ടില്ല.
എല്ലാവരുടേയും വേഷങ്ങള്‍
അവള്‍ അഭിനയിച്ചു തകര്‍ത്തു.
അവരെന്താണെന്ന്
അവള്‍ കാണിച്ചുകൊടുത്തു.
പക്ഷേ
അവളിതുവരെ
സ്വന്തം വേഷം കെട്ടിയിട്ടില്ല.
തന്നെ കാണാന്‍
കണ്ണാടി, കണ്ണാടി നോക്കി.
കണ്ടത് അനന്തതയായിരുന്നു.